കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത തൃതീയ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ ഒത്തുചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍ ആദരവ് അര്‍പ്പിക്കാന്‍ വിവിധ തലങ്ങളില്നിന്നുള്ളവര് ഒത്തുചേര്‍ന്നു.
ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി അമല സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയ ഗ്രേസ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആഴമേറിയ ആധ്യാത്മികതയില്‍ വേരൂന്നി തുറവിയുള്ള മനസോടും ഉന്നതമായ ദര്ശനത്തോടുംകൂടി മേല്പ്പട്ട ശുശ്രൂഷ നിര്‍വഹിച്ച മാര്‍ മാത്യു അറയ്ക്കലിന്റെ ഇടയശുശ്രൂഷയെ ആദരവോടും നന്ദിയോടുംകൂടി സ്മരിക്കുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
സഭയോട് ചേർന്ന് സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പണം ചെയ്ത മാര്‍ മാത്യു അറയ്ക്കലിന്റെ ശുശ്രൂഷകളെ കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നെന്ന് ആര്‍ച്ച് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ആടുകള്‍ ചിതറിപ്പോകാതിരിക്കുന്നതിന് ജാഗ്രതയുള്ള ധീരനായ ഇടയനായി മാര്‍ മാത്യു അറയ്ക്കല്‍ മുന്നേ നടന്നുവെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.